ഭ്രാന്തൻ | മലയാളം കവിത |
BHRAANTHAN | Malayalam poem |
BANNER : KUNNIMANICHEPPU |
LYRICS : SK VIJAYAN |
SINGER: SUBEESH |
BG MUSIC : AJAI THILAK |
RELEASE DATE : JANUARY 2023 |
SKV Kavithakal | എസ് കെ വി കവിതകൾ
ഭ്രാന്തൻ
---------------
ഭ്രാന്തൻ...... മുഴുഭ്രാന്തനെന്നൊരു വിളിയുയരുന്നു,
ഭ്രാന്തില്ലാത്ത കൂട്ടത്തിലെവിടെനിന്നോ .....
വല്ലാത്ത രൂപം, ഇരുളവതരിച്ച പോൽ...
വികൃതമാം ചേഷ്ടകൾ, പ്രാകൃത ഭാവങ്ങൾ....
ജടപിടിച്ചൊട്ടിയ ചെമ്പിച്ച തലമുടി....
നെടുതായ താടിയിലുടക്കുന്ന വറ്റുകൾ,
കീറിപ്പറിഞ്ഞിട്ടു, നാറുന്ന വേഷത്തി-
ലാറാടി, ഭീതി നിഴലിക്കുന്നകണ്ണുമായ് .....
ഭ്രാന്തൻ...... മുഴുഭ്രാന്തനെന്നൊരു വിളിയുയരുന്നു,
ഭ്രാന്തില്ലാത്ത കൂട്ടത്തിലെവിടെനിന്നോ ......
ആരാണ് ഭ്രാന്തൻ?
ഇതിലേതാണ് ഭ്രാന്തൻ?
ചോദിച്ചുവെന്നാൽ, അവനാണ് ഭ്രാന്തൻ...... (2)
പാണനും, പറയനും, ചാത്തനുമെന്നോതി,
പടിയടച്ച്,
അകലെ മറയത്തൊതുക്കി ,
മാറു മറയ്ക്കുവാൻ പോലും വിലക്കി,
നൂറാക്കി, താറുമാറാക്കി
മനുഷ്യകുലത്തെ ആകെ മുറിച്ച് , ഇന്നും-
ജാതി വ്യവസ്ഥയ്ക്ക് കുട പിടിച്ചീടുന്ന
തമ്പ്രാക്കന്മാർക്കാർക്കും ഇല്ല ഭ്രാന്തൊട്ടുമേ .......
ജാതി വ്യവസ്ഥയ്ക്ക് കുട പിടിച്ചീടുന്ന
തമ്പ്രാക്കന്മാർക്കാർക്കും ഇല്ല ഭ്രാന്തൊട്ടുമേ .......
പട്ടിണിക്കോലമാം മക്കൾ തൻ രോദനം,
ഒരമ്പായി, കർണ്ണപുടത്തിൽ പതിക്കവേ.....
പണി കിട്ടാതെ നട്ടം തിരിഞ്ഞുഴറവേ....
പൊട്ട ബുദ്ധിയിൽ തോന്നിയ കൈപ്പിഴ,
കട്ടു, ഉരിയരി ....., ഒരു നേരമന്നത്തിന്,
അവനുടെ ഉയിരെടുത്തോർക്കാർക്കും ഇല്ല ഭ്രാന്തൊട്ടുമേ ......
കട്ടു, ഉരിയരി ....., ഒരു നേരമന്നത്തിന്,
അവനുടെ ഉയിരെടുത്തോർക്കാർക്കും ഇല്ല ഭ്രാന്തൊട്ടുമേ ......
അറിവേറെ പഠിച്ചുള്ളിലാക്കിയോർ..
സമരമായ്, തെരുവിൽ നടമാടി,
കോലാഹലത്തോടവിടേറ്റുമുട്ടി,
കുരുതിക്കളം പോൽ നാടാകെ മാറ്റി,
കൂടെപ്പിറപ്പിൻ്റെ ചുടുചോര വീഴ്ത്തുവാൻ,
കത്തിയെടുത്തോർക്കാർക്കും ഇല്ല ഭ്രാന്തൊട്ടുമേ .......
കൂടെപ്പിറപ്പിൻ്റെ ചുടുചോര വീഴ്ത്തുവാൻ
കത്തിയെടുത്തോർക്കാർക്കും ഇല്ല ഭ്രാന്തൊട്ടുമേ.......
ആരാണ് ഭ്രാന്തൻ?
ഇതിലേതാണ് ഭ്രാന്തൻ?
ചോദിച്ചുവെന്നാൽ, അവനാണ് ഭ്രാന്തൻ......
അർഥത്തിന്നാർത്തിപൂണ്ട്,
അമൃതമാം അന്നത്തെ,
ജനിത ബീജങ്ങൾ തൻ ഘടനയുടച്ചിട്ട്,
കീടമേശാതെ...., കാളകൂടം നിറച്ച്,
പത്തരമാറ്റാക്കി നാട്ടാരെയുണ്ണിച്ച്,
അൽപ്പാൽപ്പമായ് വിഷം തീണ്ടിച്ച്,
കൊല്ലുന്നവർക്കാർക്കും ഇല്ല ഭ്രാന്തൊട്ടുമേ......
അൽപ്പാൽപ്പമായ് വിഷം തീണ്ടിച്ച്,
കൊല്ലുന്നവർക്കാർക്കും ഇല്ല ഭ്രാന്തൊട്ടുമേ......
ജീവന്നു കാരണഭൂതരായ്,
പത്തു മാസം ചുമന്ന് ,
ജീവാംശമമൃതബിന്ദുവായ് ചോരി വായിലിറ്റിച്ച്,
പിച്ച നടപ്പിച്ച്,
ഉണ്ണി വയറൂട്ടി,
ബാല്യകൗമാരങ്ങളെയൊക്കെ ആറാടിച്ച് ,
ഒടുവിലവശരാം മാതാപിതാക്കളെ
തെരുവിലിറക്കിയോർക്കാർക്കും ഇല്ല ഭ്രാന്തൊട്ടുമേ .....
ഒടുവിലവശരാം മാതാപിതാക്കളെ
തെരുവിലിറക്കിയോർക്കാർക്കും ഇല്ല ഭ്രാന്തൊട്ടുമേ .....
അക്ഷരത്തേനുണ്ട്, അറിവാം വിശപ്പിന്ന്,
അൽപ്പമൊരാശ്വാസമേകും കുരുന്നിനെ,
ലഹരി നുണയിച്ച്, അപസ്മാര ബാധനായ്,
ജീവതാളങ്ങളാകെ പിഴുതെറിഞ്ഞ്,
സംസ്കാര ശൂന്യനാം അന്ധനായ്
മാറ്റുന്നവർക്കാർക്കും ഇല്ല ഭ്രാന്തൊട്ടുമേ......
സംസ്കാര ശൂന്യനാം അന്ധനായ്,
മാറ്റുന്നവർക്കാർക്കും ഇല്ല ഭ്രാന്തൊട്ടുമേ......
ആരാണ് ഭ്രാന്തൻ?
ഇതിലേതാണ് ഭ്രാന്തൻ?
ചോദിച്ചുവെന്നാൽ, അവനാണ് ഭ്രാന്തൻ......
അരിയ വാത്സല്യമൂറും തനുജയെ,
അരുവി പോൽ നാദമുതിരും കിടാത്തിയെ,
പൊരുതുവാൻ പോലുമാകാതടക്കിയും,
ശരണമേകേണ്ടവർ തന്നെ ഹീനരായ്
കരുണയില്ലാതെ, കാമാർത്തരായിട്ട്,
പിച്ചിപ്പറിപ്പവർക്കാർക്കും ഇല്ല ഭ്രാന്തൊട്ടുമേ.....
കരുണയില്ലാതെ, കാമാർത്തരായിട്ട്,
പിച്ചിപ്പറിപ്പവർക്കാർക്കും ഇല്ല ഭ്രാന്തൊട്ടുമേ.....
അമ്മയെപ്പോലഭിവന്ദ്യയാം രാജ്യത്തെ,
ശ്രീയെഴുന്നൊരീ ഭാരതാംബയെ,
ഉണ്ട്, ഉറങ്ങി, കളിച്ചൊരീ മണ്ണിനെ,
രണ്ടു വെള്ളിക്ക് തീറു നൽകുന്ന,
തഞ്ചമൊക്കുകിൽ തച്ചുടയ്ക്കുന്നൊരാ ....
വഞ്ചകൻമാർക്കാർക്കും ഇല്ല ഭ്രാന്തൊട്ടുമേ.....
തഞ്ചമൊക്കുകിൽ തച്ചുടയ്ക്കുന്നൊരാ ....
വഞ്ചകൻമാർക്കാർക്കും ഇല്ല ഭ്രാന്തൊട്ടുമേ.....
ആരാണ് ഭ്രാന്തൻ?
ഇതിലേതാണ് ഭ്രാന്തൻ?
ചോദിച്ചുവെന്നാൽ, അവനാണ് ഭ്രാന്തൻ......
ജാതി ഏതെന്നറിവീലിവന്ന് .....
ഉയിരാരുടെയുമെടുത്തീല.....
കത്തിയില്ല,....
ഇവനാരെയും കുത്തി വീഴ്ത്തീല......
അർഥത്തിനായ്,
വിഷമന്നത്തിലേറ്റീല.....
പിതൃ ശാപദോഷങ്ങളേറ്റുവാങ്ങാനായി,
ചവുട്ടിപ്പുറത്താക്കുവാ, നിവന്നച്ഛനെയറിയീല.....
ലഹരിയെന്തെന്നറിവീല....
ഇവനതാർക്കും കൊടുത്തീല......
കാമ മുറങ്ങുന്ന കണ്ണില്ലി വന്ന്,
ഭീതിയാണതിന്നേക വികാരം.....
കാമ മുറങ്ങുന്ന കണ്ണില്ലി വന്ന്,
ഭീതിയാണതിന്നേക വികാരം.....
ഇവൻ ഭ്രാന്തൻ......
ഇവൻ ഭ്രാന്തൻ......
മനസ്സിൻ്റെ ആയിരം കടിഞ്ഞാണിൽ,
ഭ്രാന്തൊളിപ്പിക്കുമാസുര തന്ത്രി പിഴച്ചവൻ......
ഭ്രാന്തൊളിപ്പിക്കാനറിയാത്തോൻ.....
ഭ്രാന്തൊളിപ്പിക്കുമാസുര തന്ത്രി പിഴച്ചവൻ......
ഭ്രാന്തൊളിപ്പിക്കാനറിയാത്തോൻ.....
എന്നെയും നിന്നെയും
തെളിവാക്കി നിർത്തുവാൻ
ഭ്രാന്തിൻ്റെ മട്ടി ഒന്നായ് ഊറ്റിക്കുടിച്ചവൻ.....
എന്നെയും നിന്നെയും തെളിവാക്കി നിർത്തുവാൻ
ഭ്രാന്തിൻ്റെ മട്ടി ഒന്നായ് ഊറ്റിക്കുടിച്ചവൻ,
തുടരാം , നമുക്കിനിയുമീ ച്ചെയ്തികൾ,
മറയ്ക്കുവാനിവനുണ്ട്...
തുറക്കാം,
നമുക്കിവനെ മറയാക്കി
ഭ്രാന്തിൻ കുടങ്ങളെ....
തുറക്കാം നമുക്കിവനെ മറയാക്കി
ഭ്രാന്തിൻ കുടങ്ങളെ.....
_____________________
എസ്.കെ. വിജയൻ
15-06-2022
Информация по комментариям в разработке