472: നെഞ്ചിടുപ്പ് കൂടുതൽ ഉണ്ടെങ്കിൽ: അപകട സാദ്ധ്യത അറിയുക

Описание к видео 472: നെഞ്ചിടുപ്പ് കൂടുതൽ ഉണ്ടെങ്കിൽ: അപകട സാദ്ധ്യത അറിയുക

ഒരാളുടെ ഹൃദയം ക്രമാരഹിതമായോ അസാധാരണ രീതിയിലോ മിടിക്കുന്ന അവസ്ഥയെയാണ് "അർഹിത്മിയ" അല്ലെങ്കിൽ "പാൽപിറ്റേഷൻ" എന്ന് പറയുന്നത്. പലരും ഈ അസുഖമുള്ളതു അറിയുക പോലുമില്ല. എന്നാൽ ഇത് അത്രനിസ്സാരമായി കാണരുത്. വളരെ അപകടകാരിയായ ഒരു ലക്ഷണമാണിത്.
പാൽപിറ്റേഷൻ എന്താണെന്നും അതിന്റെ ചികിത്സ എന്താണെന്നും വിവരിക്കാം.

🔴എങ്ങനെയാണ് ഹൃദയമിടിപ്പ് കൂടുന്നതു?

∙ ആദ്യമായി ഹൃദയം എങ്ങനെയാണ് ഇടിക്കുന്നത് എന്ന് പറയാം. ഹൃദയത്തിൽ രക്തം ശുദ്ധീകരിക്കാൻ നാല് ചേമ്പറുകളാണുള്ളത്. ഇതിൽ മുകളിലത്തെ രണ്ടു ചേമ്പറുകളിൽ രക്തം ശുദ്ധീകരിച്ച് താഴെയുള്ള രണ്ടു ചേമ്പറുകളിലേക്ക് പമ്പ് ചെയ്യുകയും ഇവിടെനിന്നും രക്തധമനികൾ വഴി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്നു.

∙ ഹൃദയമിടിപ്പിന്റെ താളം നിയന്ത്രിക്കുന്നത് ഹൃദയത്തിന്റെ മുകളിലായുള്ള ഒരു കൂട്ടം കോശങ്ങളാണ്. ഇവയെ സിനോട്രിയൽ (SA Node) എന്ന പേരിൽ അറിയപ്പെടുന്നു. ഈ സൈനസ് നോഡ് ഇലക്ട്രിക്ക് സിഗ്നലുകളെ ഒരു പ്രത്യേകഇടവേളകളിൽ ഹൃദയത്തിലൂടെ കടത്തിവിടുകയും തന്മൂലം ഹൃദയം മിടിക്കുകയും രക്തം ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും പമ്പ് ചെയ്യുകയും ചെയ്യുന്നു.ഇതാണ് ഹൃദയമിടിപ്പിനു കാരണം. എന്നാൽ പല കാരണങ്ങൾ കൊണ്ട് ഹൃദയമിടിപ്പിൽ വ്യതിയാനം വരുന്നു. ഇതുകാരണം സാധാരണഗതിയിൽ 60-100 എന്ന രീതിയിൽ നിന്നും മാറി ഒരു മിനിട്ടിൽ 150-200 പ്രാവശ്യം എന്നരീതിയിൽ ഹൃദയമിടിക്കുന്നു. ഇങ്ങനെയാണ് പാൽപിറ്റേഷൻ (Palpitation-നെഞ്ചിടിപ്പ്) ഉണ്ടാകുന്നത്.

🔴എന്താണ് നെഞ്ചിടിപ്പിന്റെ കാരണങ്ങൾ?

നെഞ്ചിടിപ്പ് കൂടാൻ പല കാരണങ്ങളുണ്ട്. വളരെ ചെറിയ കാര്യങ്ങൾ തൊട്ടു മരണം വരെ സംഭവിക്കാൻ സാധ്യത ഉള്ള കാരണങ്ങൾ വരെ ഉണ്ട്.

1∙ ദേഷ്യം വരുമ്പോൾ
2∙ ഭയം തോന്നുമ്പോൾ
3∙ തെറ്റ് ചെയ്യുമ്പോൾ
4∙ ഉത്കണ്ഠയുണ്ടാകുമ്പോൾ
5∙ വേദന ഉള്ളപ്പോൾ
6∙ പനി ഉള്ളപ്പോൾ- ഒരു സെൽഷ്യസ് ചൂടു കൂടുമ്പോൾ ഹൃദയമിടിപ്പ് ഏതാണ്ട് ഇരുപതു തവണ കൂടുന്നു.

ശ്രദ്ധിക്കേണ്ട കാരണങ്ങൾ👇

7∙ നിർജലീകരണം ഉണ്ടെങ്കിൽ അല്ലെങ്കിൽ ശരീരത്തിൽ ഉപ്പിന്റെ തോത് അസന്തുലനം ഉണ്ടാകുകയാണെങ്കിൽ
8∙ രക്തസമ്മർദ്ദം (Blood Pressure) വ്യതിയാനം വരുമ്പോൾ.
9∙ കോഫി, നിക്കോട്ടിൻ (Cigarette) ഒത്തിരി ഉപയോഗിക്കുന്നവർക്ക്‌
10∙ ജന്മസിദ്ധമായ ഹൃദയരോഗങ്ങൾ
11∙ തൈറോയ്ഡ് അസുഖമുണ്ടെങ്കിൽ (Hyperthyroidism)
12∙ ഓക്സിജൻ ശരീരത്തിൽ കുറയുമ്പോൾ
13∙ ഹാർട്ട് അറ്റാക്ക് (heart attack) വരുമ്പോൾ
14∙ ശരീരത്തിൽ വലിയ തോതിൽ ഇൻഫെക്ഷൻ വരുമ്പോൾ
15∙ ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ ആയും വരാം. ഉദാ: ചുമക്കും അസ്തമക്കും കഴിക്കുന്ന മരുന്നുകൾ.

🔴പാൽപിറ്റേഷൻ രോഗത്തിന്റെ ലക്ഷണങ്ങ എന്തൊക്കെയാണ്? ഇത് അപകടകാരിയാണോ?

∙ നേരിയ തോതിൽ ഹൃദയത്തിന്റെ ഇടുപ്പ് കൂടുന്നത് (100-150) കാര്യമായ ലക്ഷണം കാണിക്കില്ല. നെഞ്ച് പട പട അടിക്കുന്നത് പോലെ തോന്നതാകും ആദ്യ സൂചന. എന്നാൽ ഇതു തീവ്രമാകുന്നതിന് അനുസരിച്ച് ഹൃദയസ്തഭനം വരെ വരാം.

∙ ഒരു ദിവസം 7200 ലീറ്റർ രക്തമാണ് ഹൃദയം പമ്പു ചെയ്യുന്നത്. ഒരു മിനിറ്റിൽ ഏകദേശം 150-200 പ്രാവശ്യം ഹൃദയം ഇടിക്കുമ്പോൾ തലചുറ്റൽ, ക്ഷീണം, നെഞ്ചുവേദന, വിഭ്രാന്തി എന്നിവയൊക്കെ വരാം. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ള ഒരു വ്യക്തി ഉടന്‍ തന്നെ ഡോക്ടറിന്റെ സേവനം തേടേണ്ടതാണ്.

∙ പാൽപിറ്റേഷൻ അപകടലക്ഷണങ്ങൾ:
കാരണമൊന്നുമില്ലാതെ അബോധാവസ്ഥയിലാകുക, തളർച്ച അനുഭപ്പെടുക,നല്ല വണ്ണം വിയർക്കുക, നെഞ്ച് വേദന, കിതപ്പ്, ശ്വാസം എടുക്കാനാവാത്ത അവസ്ഥ, ക്രമത്തിലല്ലാത്ത മിടിപ്പ് അനുഭവപ്പെടുക.

∙ പല കാരണങ്ങൾ ഉള്ളത് കൊണ്ട് നെഞ്ചിടിപ്പ് കൂടിയെന്ന് തോന്നിയാൽ, കാരണങ്ങൾ അന്വേക്ഷിക്കാതെ വൈദ്യസഹായം എത്രെയും വേഗം നേടുക.

🔴എങ്ങനെ ഈ രോഗം കണ്ടുപിടിക്കും?

∙ 12 ലീഡ് ഇലക്ട്രോ കാർഡിയോ ഗ്രാം (ECG), എക്കോ കാർഡിയോഗ്രാം (Echocadiogram) എടുക്കുക വഴി പാൽപിറ്റേഷൻ ഉണ്ടോ എന്ന് മനസ്സിലാക്കാൻ കഴിയുന്നു.

∙ കൂടുതൽ സമയം നിരീക്ഷണത്തിനായി ഹോൾട്ടർ മോണിറ്റർ (Holter Monitor) ഉപയോഗിക്കാം. ഇത് 24 മണിക്കൂർ ഇ.സി.ജി. രേഖപ്പെടുത്തുന്നു. ഹൃദയത്തിനകത്ത് ഉറപ്പിക്കാൻ കഴിയുന്ന ലൂപ്പ് റെക്കോർഡർ ഉപയോഗിച്ച് 12 മാസക്കാലം ഹൃദയമിടിപ്പ് നിരീക്ഷിക്കുകയും ചെയ്യാം.

🔴 ഈ അസുഖം എങ്ങനെ ചികിത്സിക്കാം?

പാൽപിറ്റേഷൻറ്റെ കാരണം കണ്ടെത്തി ചികിത്സിക്ക്കാൻ ശ്രമിക്കണം. ഒരു കാരണവുമില്ലാതെ പത്തു മിനുട്ടിൽ കൂടുതൽ നെഞ്ചിടിക്കുന്നുണ്ടെങ്കിൽ ഡോക്ടറിനെ തീർച്ചയായും കാണണം.

1∙ ഉത്കണ്ഠ (stress) കുറക്കുക. എല്ലാ കാര്യങ്ങളിലും സന്തോഷം കണ്ടു തുടങ്ങുക. യോഗയും, ശ്വസന വ്യായാമങ്ങളും സ്ഥിരമായി ചെയ്യുന്നത് മനസ്സിന് സമ്മർദ്ദം ഏറെ കുറയ്ക്കും.

2∙ നിർജലീകരണം ഒഴിവാക്കാനായി ധാരാളം വെള്ളം കുടിക്കുക. ഒരു ദിവസം കുറഞ്ഞത് രണ്ടു ലിറ്റർ വെള്ളമെങ്കിലും കുടിക്കുക.

3∙ രക്തസമ്മർദ്ദം (Blood Pressure) എപ്പോഴും നോർമലാക്കി വയ്ക്കുക

4∙ പതിവായി വ്യായാമം ചെയ്യുന്നത് ഹൃദയത്തിന് വളരെ നല്ലതാണ്. ഒരു ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും 30 മിനിറ്റ് വ്യായാമം ചെയ്യുക.

5∙ കോഫി,ചോക്ലേറ്റ് തുടങ്ങിയവയുടെ ഉപയോഗം കുറക്കുക.

6∙ സിഗരറ്റ്, മദ്യപാനം, പാൻ മസാല ഒഴിവാക്കുക ‌

7∙ തൈറോയ്ഡ് അസുഖമുണ്ടെങ്കിൽ കൃത്യമായി മരുന്നുകൾ കഴിക്കുക

8∙ മറ്റു മാർഗങ്ങൾ ഫലിച്ചില്ലെങ്കിൽ പല മരുന്നുകളുണ്ട് - ഇവ അസാധാരണമായ ഇലക്ട്രിക്ക്സിഗ്നലുകളെ തടയാൻ സഹായിക്കും.

9∙ ചില പാൽപിറ്റേഷൻ മരുന്ന് കൊണ്ട് മാറില്ല.ഇങ്ങനെ ഉള്ളവയെ പഴയ താളത്തിൽ കൊണ്ടുവരാനായി ഹാർട്ട്ഷോക്ക് കൊടുക്കാം. വീണ്ടും വീണ്ടും വരുകയാണെങ്കിൽ ഇലക്ട്രിക്കൽ സിഗ്നലുകൾ പുറപ്പെടുവിക്കുന്ന ഭാഗം റേഡിയോ ഫ്രീക്വൻസി ഉപയോഗിച്ച് കരിച്ചു കളയുന്ന ചികിത്സയുമുണ്ട് .

10∙ കലശലായ അർഹിത്മിയ അനുഭവിക്കുന്ന രോഗികളിൽ പെട്ടന്നുള്ള മരണം സംഭവിക്കാം. ഇത് തടയാനായി ഇമ്പ്ലാന്റബിൾ കാർഡിയോ വെർട്ടർ ഡിഫൈബ്രില്ലേറ്റർ (ഐ.സി.ഡി-ICD) എന്ന ഉപകരണം ഘടിപ്പിക്കുന്നു. ഇതിന് പെട്ടന്നുള്ള പലപിറ്റേഷൻ തിരിച്ചറിയാനും തടയാനും കഴിയുന്നു.

Комментарии

Информация по комментариям в разработке