#wlf #wlf2024 #wayanad #litfest #literaturefestival #wayanadlitfest #wayanadliteraturefest #wayanadliteraturefestival #keralaliterarturefestival #keralatourism #wayanadtourism #kerala #malayalam
കഥയരങ്ങ് : വി. എസ്. അനിൽകുമാർ, മനോജ് ജാതവേദര്, അംബികസുതൻ മാങ്ങാട്, ആര്‍. ശ്യാം കൃഷ്ണന്‍, മോഡറേറ്റർ: സിതാര എസ്.
Kathayarang: V. S. Anilkumar, Manoj Jathavedar, Ambikasuthan Mangad, R. Syamkrishnan. Moderator: Sithara S.
ഭാവനയുടെയും അനുഭവങ്ങളുടെയും മുത്തുകളുൾ ഉൾക്കൊള്ളുന്ന ചെറുകഥകളുടെ പറച്ചിലിനും കേൾവിക്കുമൊരു വേദി. കഥകളുടെ വായനയും അവതരണവുമാണ് കഥയരങ്ങിൽ നടക്കുക. കഥാവതരണവും ചർച്ചയും മറ്റുമായി മലയാള സാഹിത്യത്തിന്റെ വ്യത്യസ്ത ശബ്ദങ്ങളെയും ചിന്തകളെയും ഒരേ വേദിയിൽ സംയോജിപ്പിക്കുന്ന ഈ അരങ്ങിൽ വി. എസ്. അനിൽകുമാർ, മനോജ് ജാതവേദർ, അംബികസുതൻ മാങ്ങാട്, ആർ. ശ്യാംകൃഷ്ണൻ എന്നിവർ പങ്കുചേരുന്നു. സിതാര എസ് കഥയരങ്ങ് നയിക്കും.
വി. എസ്. അനിൽകുമാർ
നാല്പതുവർഷമായി മലയാളകഥാസാഹിത്യത്തിൽ പ്രമുഖസ്ഥാനത്തുള്ള എഴുത്തുകാരനാണ് വി. എസ്. അനിൽകുമാർ. കഥാകൃത്ത്, നോവലിസ്റ്റ്, കവി, സാംസ്കാരിക വിമർശകൻ എന്നീ നിലകളിൽ വിവിധ സാഹിത്യശാഖകളിൽ ഇരുപത്തൊന്നോളം പുസ്തകങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. പല നാടകങ്ങളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഏറെക്കാലം കോളേജ് അധ്യാപകനും കണ്ണൂർ സർവ്വകലാശാലയിൽ സ്റ്റുഡൻറ് ഡീനുമായിരുന്നു.
ആധുനികാനന്തര സാമൂഹികസംവേദനങ്ങളുടെ തീവ്രതയും മാനവികതയുടെ കരുത്തുമുള്ളവയാണ് അനിൽകുമാറിന്റെ കഥകൾ. കഥാസന്ദർഭങ്ങളുടെ തിരഞ്ഞെടുപ്പിലെ സൂക്ഷ്മതയും അവതരണത്തിലെ ലാളിത്യവുമാണ് ഇദ്ദേഹത്തിന്റെ കഥകളെ വ്യത്യസ്തമാക്കുന്നത്. കഴിഞ്ഞ കാലങ്ങളുടെ രാഷ്ട്രീയബോധത്തെ സമകാലികസാഹചര്യത്തിലേക്ക് ആനയിക്കുന്നവയാണ് പല കഥകളും. ഉത്തരകേരളത്തിലെ ജീവിതത്തെ അനാവരണം ചെയ്യുന്ന ‘വനജ’ എന്ന നോവൽ അനിൽകുമാറിന്റെ ശ്രദ്ധേയമായ കൃതിയാണ്. “പോവുകയാണോ വരികയാണോ” എന്ന കഥാസമാഹാരത്തിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളെ കൈത്തഴക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന “നോഹയുടെ പുതിയ പെട്ടകം”, “തുരങ്കം”, “നാരോന്ത്”, “ചിങ്ങം” എന്നീ കഥകൾ ഗ്രാമീണ ജീവിതത്തിന്റെ തീവ്രതയും മനുഷ്യന്റെ ആന്തരികസമരങ്ങളുടെ അനുഭവശേഷിയും സമർത്ഥമായി ആവിഷ്കരിക്കുന്നു.
മനോജ് ജാതവേദര്
മനുഷ്യവികാരങ്ങളെക്കുറിച്ചുള്ള അവബോധജന്യമായ നിരീക്ഷണങ്ങൾക്കും അഗാധമായ കഥകൾക്കും പേരുകേട്ട മലയാളത്തിലെ എഴുത്തുകാരൻ. 1988ൽ മലയാള മനോരമ വാർഷിക ചെറുകഥാ മത്സരത്തിൽ സമ്മാനാർഹമായ ‘അപ്പുച്ചെട്ടിയുടെ ചിത്രദൈവങ്ങൾ’ എന്ന കഥയിലൂടെ ശ്രദ്ധേയനായി. ‘നദികൾ മടങ്ങി വരും’, ‘രാത്രിയിൽ യാത്രയില്ല’, ‘കഥയിൽ നിന്ന് അപ്രത്യക്ഷനായ ശിവൻ’ തുടങ്ങിയവ പ്രധാനകൃതികൾ. ‘മാന്ത്രികനായ മാൻഡ്രേക്ക്’ എന്ന ചെറുകഥാ സമാഹാരത്തിന് 2024-ൽ അദ്ദേഹത്തിന് അക്ബർ കക്കട്ടിൽ പുരസ്കാരം ലഭിച്ചു. പരമ്പരാഗത ആഖ്യാനശൈലികളിൽ നിന്ന് വേർപെട്ട് കഥപറച്ചിലിനോടുള്ള നൂതനമായ സമീപനത്തെ എടുത്തുകാണിക്കുന്നുവയാണ് മനോജ് ജാതവേദരിൻ്റെ ചെറുകഥകളെന്ന് നിരൂപകർ നിരീക്ഷിക്കുന്നു.
അംബികസുതൻ മാങ്ങാട്
കാസർകോഡ് ജില്ലയിലെ ബാര ഗ്രാമത്തിൽ ജനനം. അബുദാബി ശക്തി, മലയാറ്റൂർ പ്രൈസ്, വി.പി. ശിവകുമാർ കേളി, ദേശാഭിമാനി കഥാപുരസ്ക്‌കാരം, ഒ.വി വിജയൻ പുരസ്‌കാരം, പത്മരാജൻ പുരസ്‌കാരം, ഓടക്കുഴൽ അവാർഡ് തുടങ്ങി മുപ്പത്തിയഞ്ച് അവാർഡുകൾ ലഭിച്ചു. ‘കൊമേഷ്യൽ ബ്രെയ്ക്കി’ന് മികച്ച ചെറുക ഥയ്ക്കുള്ള കേരള സർക്കാരിൻ്റെ ടെലിവിഷൻ അവാർഡ് 2002-ൽ. ‘കയ്യൊപ്പി’ൻ്റെ തിരക്കഥ രചിച്ചു. ജീവിതത്തിൻ്റെ ഉപമയുടെയും (ആദ്യ കാമ്പസ് നോവൽ) പൊഞ്ഞാറിൻ്റെയും (ആദ്യ നാട്ടുഭാഷാ നിഘണ്ടു) മലയാളത്തിലെ പരിസ്ഥിതികഥകളുടെയും മലയാളത്തിലെ തെയ്യംകഥകളുടെയും എഡിറ്റർ. ‘സാധാരണവേഷങ്ങൾ’ തൊട്ട് മഴവില്ലും ‘ചൂരൽവടി’യും വരെ ഇരുപത്തിയാറ് ചെറുകഥാസമാഹാരങ്ങൾ. കുന്നുകൾ പുഴകൾ, ആനത്താര, പ്രാണവായു എന്നിവ പരിസ്ഥിതികഥാസമാഹാരങ്ങളാണ്. മരക്കാപ്പിലെ തെയ്യങ്ങൾ, എൻമകജെ, മാക്കം എന്ന പെൺതെയ്യം, പൂതമ്മയുടെ കുട്ടികൾ, അല്ലോഹലൻ എന്നിവ നോവലുകൾ. എൻമകജെ കന്നട, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കഥകൾ വിവിധ ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലും മൊഴിമാറ്റിയിട്ടുണ്ട്.
ആര്‍. ശ്യാം കൃഷ്ണന്‍
മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനാണ് ശ്യാംകൃഷ്ണൻ. ആർ . ലളിതവും അതേസമയം ആഴമേറിയതുമായ കഥാപറച്ചിലിലൂടെ ശ്രദ്ധിക്കപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജിൽ എംബിബിബിഎസ് പഠിക്കുമ്പോഴാണ് ശ്യാം കൃഷ്ണൻ എഴുതാൻ ആരംഭിച്ചത്. ആദ്യ കഥയായ ‘മടക്കം’ 2015-ൽ,കെ.വി. അനൂപ് സ്മാരക കഥാപുരസ്‌കാരം നേടിയിരുന്നു.
കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്‌കാരം, മാധ്യമം സുവർണ ജൂബിലി അവാർഡ്, സി.വി. ശ്രീരാമൻ അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നിലവിൽ, മലബാർ മെഡിക്കൽ കോളേജിൽ ബയോകെമിസ്ട്രി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു.
സിതാര എസ്.
കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ നിന്നുള്ള പ്രഗൽഭയായ എഴുത്തുകാരിയും വിവർത്തകയും പത്രപ്രവർത്തകയും.
മലയാള ചെറുകഥാ രംഗത്ത് സിതാര നൽകിയിട്ടുള്ള സംഭാവനകൾ ശ്രദ്ധേയമാണ്. 1999-ൽ പ്രസിദ്ധീകരിച്ച ‘അഗ്നിയും കഥകളും’ ആണ് ആദ്യ പുസ്തകം. വേഷപ്പകർച്ച, ഇടം, നൃത്തശാല, കഥകൾ, വെയിലിൽ ഒരു കളിയെഴുത്തുകാരി, കറുത്ത കുപ്പായക്കാരി, അമ്ലം എന്നിവയാണ് മറ്റ് ചെറുകഥാ സമാഹാരങ്ങൾ. ഏതോ യുറാനസ്സിൽ ഒരു ശിവനും ഗംഗയും, വാൽനക്ഷത്രങ്ങളുടെ വൈമാനികൻ, ഉഷ്ണ ഗ്രഹങ്ങളുടെ സ്നേഹം തുടങ്ങിയ ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു.
യുവ എഴുത്തുകാർക്കുള്ള സാഹിത്യ അക്കാദമി സുവർണ്ണ ജൂബിലി അവാർഡ്, കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ എൻഡോവ്മെന്റ് അവാർഡ്, സി.വി. ശ്രീരാമൻ സ്മാരക അവാർഡ്, വി.പി. ശിവകുമാർ സ്മാരക കേളി അവാർഡ്, ന്യൂ ഡൽഹി-കഥ അവാർഡ്, വനിത- കഥ അവാർഡ് എന്നീ അംഗീകാരങ്ങൾക്ക് അർഹയായി.
Support us: www.wlfwayanad.com/donation/
To engage with us, Like and Subscribe :
www.instagram.com/wlfwayanad
www.facebook.com/WLFwayanad
www.x.com/WLFwayanad
www.youtube/@WLFwayanad
Информация по комментариям в разработке